ക്ഷേത്രത്തില്‍ പോയെന്ന് വിചാരിച്ച് ആരും മൃദു ഹിന്ദുത്വവാദിയാകില്ല; മതനിരാസമല്ല കോണ്‍ഗ്രസിന്റെ മതേതരത്വമെന്ന് വി.ഡി സതീശന്‍

കോണ്‍ഗ്രസിന് എക്കാലത്തും മതേതരത്വ നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ജനാധിപത്യം ഒരു പൗരന് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതിനെ ചോദ്യം ചെയ്യുന്ന വ്യക്തികളില്‍ നിന്ന് പൗരനെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ക്ഷേത്രത്തിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. അതുകൊണ്ട് ആരും മൃതുഹിന്ദു ആവുന്നില്ല. മതേതരത്വം എന്നാല്‍ മത നിരാസം അല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മൃദു ഹിന്ദുത്വം എന്ന നിലപാട് കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് ഒരുകാലത്തും ആ നിലപാട് സ്വീകരിച്ചിട്ടില്ല. മതേതരത്വ നിലപാടാണ് സ്വീകരിച്ചത്. പുതിയൊരു കള്‍ച്ചര്‍ ഉണ്ട്. കാവി മുണ്ടുടുത്തവരും ചന്ദനം തൊട്ടവരും സംഘ്പരിവാറാണെന്ന്. അമ്പലത്തില്‍ പോകാന്‍ പാടില്ല, പള്ളിയില്‍ പോകാന്‍ പാടില്ലായെന്ന നിലപാട് ശരിയല്ല.

Read more

മതേതരത്വം എന്നാല്‍ മത നിരാസം അല്ല. മതങ്ങളെ ചേര്‍ത്ത് പിടിക്കണം. എന്റെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉള്ളപ്പോള്‍ തന്നെ സഹോദര മതത്തില്‍പ്പെട്ടൊരാള്‍ക്ക് അയാളുടെ മതത്തില്‍ വിശ്വസിക്കാനും അയാളുടെ മതവിശ്വാസം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ ഞാന്‍ കൂടി ചേര്‍ന്ന് നിന്ന് സംരക്ഷിക്കുമ്പോഴാണ് ഇന്ത്യയുടെ മതേതരത്വം യാഥാര്‍ത്ഥ്യമാവുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.