വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട: കെ.എം ഷാജി

വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും. മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ മറുപടി.

ലീഗ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിലാണ് ഷാജിയുടെ പ്രതികരണം. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കള്‍ ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കെ.എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളില്‍ പ്രസംഗിക്കുന്നുവെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

അതേസമയം, റെയ്ഡിലൂടെ വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് 47,35,500 രൂപയാണ് പിടിച്ചെടുത്തത്. ഇത് തിരികെ നല്‍കണമെന്നാണ് ആവശ്യം.

എന്നാല്‍, പിടിച്ചെടുത്ത പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം പത്തിലേക്ക് മാറ്റി.