മുന്നോക്ക സംവരണം; ഒരാൾക്ക് പോലും സംവരണം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

മുന്നോക്ക സംവരണം നടപ്പിലാക്കിയാലും ഒരാൾക്ക് പോലും സംവരണം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സംവരണം നിലവിൽ സംവരണമുള്ള പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങൾ ഹനിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതുമത്സര വിഭാഗത്തിൽ നിന്ന് പത്ത് ശതമാനം മാറ്റിവെയ്ക്കുകയാണ് ചെയ്തത്. ആരുടെയും സംവരണം ഇല്ലാതായിട്ടില്ല.

ഒരാളുടെ പോലും സംവരണം ഇല്ലാതാക്കുകയുമില്ല. ദേവസ്വത്തിൽ ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്തതു കൊണ്ടാണ് ദേവസ്വത്തിൽ നേരത്തെ അത് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞ കാര്യമാണ് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ച് ഉയർത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തരത്തിൽ സംവരണം തുടരുമെന്ന കാര്യത്തിൽ എൽഡിഎഫ് ഉറച്ചു നിൽക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.