"തമിഴ്‌നാട്‌ സർക്കാരിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ല"

സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്‌ ഷായെ അറസ്റ്റ്‌ ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട്‌ വിജിലൻസ്‌-ആന്റി കറപ്‌ഷൻ ഡിജിപിയായി നിയമിച്ചതിനെ അഭിനന്ദിച്ച് ടി സിദ്ദിഖ് എംഎല്‍എ. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പൊലീസ്‌ ഓഫീസറെ നിയമിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ്‌ ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത്‌ നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ്‌ ഉൾപ്പെടുന്ന തമിഴ്‌നാട്‌ സർക്കാരിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിതെന്നും ടി സിദ്ദിഖ് പറഞ്ഞു.

തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ കന്ദസ്വാമി സിബിഐയിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്നപ്പോൾ അദ്ദേഹവും ഡെപ്യൂട്ടി ഡിഐജി അമിതാഭ് താക്കൂറും (ഒഡീഷ കേഡർ) അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തിരുന്നു. ഒടുവിൽ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

2007 ൽ ഗോവയിൽ വച്ച് ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസും കന്ദസ്വാമിയും അമിതാഭ് താക്കൂറും ചേർന്നാണ് തെളിയിച്ചത്. കൂടാതെ, എസ്എൻ‌സി-ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനെതിരെയും കന്ദസ്വാമി അന്വേഷണം നടത്തിയിട്ടുണ്ട്.

അധികാരത്തിൽ എത്തിയാൽ എ.ഐ.എ.ഡി.എം.കെ സർക്കാരിലെ അഴിമതിക്കാരായ മന്ത്രിമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്:

സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്‌ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്‌ ഷായെ അറസ്റ്റ്‌ ചെയ്ത പി കന്ദസ്വാമി ഐ പി എസ്‌ പുതിയ തമിഴ്‌നാട്‌ ഡിജിപി. വിജിലൻസ്‌-ആന്റി കറപ്‌ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പോലീസ്‌ ഓഫീസറെ നിയമിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ്‌ ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത്‌ നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ്‌ ഉൾപ്പെടുന്ന തമിഴ്‌നാട്‌ സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്‌.