ദിലീപിനെ പുറത്താക്കാതെ എന്ത്‌ സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര്‌ പോകില്ല: എൻ.എസ് മാധവൻ

ഇരയാക്ക‌പ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന ആക്രമിക്കപ്പെട്ട കുറിപ്പ് പങ്കുവെച്ച മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. എ.എം.എം.എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത്‌ സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര്‌ പോകില്ലെന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ വിമർശനം.

മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടാത്ത നടപടിയെയും എന്‍.എസ് മാധവന്‍ വിമര്‍ശിച്ചു. ജസ്റ്റിസ് ഹേമ കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിനെയും എന്‍.എസ് മാധവന്‍ വിമര്‍ശിച്ചു.

“കഷ്ടം! 2 വർഷമായിട്ടും നടപടിയില്ലാതെ, ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതി? ഒരു ഇടതുപക്ഷ സർക്കാർ ഇരകൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോർ പബ്ലിഷ് ചെയ്യുക. ലൈംഗിക ചൂഷണം നടത്തുന്നവരെയും മറ്റ് ദുര്‍ന്നടപ്പുകരേയും സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ജോലിയല്ല.” എന്ന് എന്‍.എസ് മാധവൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകള്‍ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് ഹേമ കമ്മീഷന്നെ നിയോഗിച്ചത്. 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചലച്ചിത്ര രംഗത്തെ പ്രശനങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം വേണമെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നുമായിരുന്നു കമ്മീഷന്റെ മുഖ്യ ശിപാര്‍ശ. എന്നാൽ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ജസ്റ്റിസ് ഹേമ കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.