ഇന്ന് സാമ്പിള്‍, സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്‌സ്‌പ്ലോസിവ് മേധാവി

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ പി കെ റാണ അറിയിച്ചു. ഇളവ് അനുവദിക്കില്ല. സുപ്രീം കോടതി വിധി അനുസരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

നൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന് കോടതി വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങള്‍ മാനിച്ചാണ് ഇളവ് അനുവദിക്കാത്തത്. ഇന്ന് രാത്രിയാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. 7 മണിയോടെ പാറമേക്കാവ് ദേവസ്വവും, എട്ട് മണിയോടെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരികൊളുത്തും.

വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനവും ഇന്ന് രാവിലെ ആരംഭിക്കും. പാറമേക്കാവിന്റേത് സുരേഷ് ഗോപിയും, തിരുവമ്പാടിയുടേത് റവന്യൂ മന്ത്കി കെ രാജനുമാണ് ഉദ്ഘാടനം ചെയ്യുക.

ചമയപ്രദര്‍ശനം കാണാനായി നാളെ ഗവര്‍ണര്‍ ആരിഫ് മൂഹമ്മദ് ഖാന്‍ അടക്കമുള്ളവര്‍ എത്തും. പൂരം പ്രമാണിച്ച് പല ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.