അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാദ്ധ്യത ഒരു കോണ്‍ഗ്രസുകാരനുമില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

ലാഭകരമായും മാതൃകപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതാനുള്ള തീരുമാനത്തിന് കൂട്ടുനില്‍ക്കേണ്ട ആവശ്യം ആര്‍ക്കുമില്ല എന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 653 എക്കറിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് ഏതാണ്ട് മുപ്പതിനായിരം കോടി വിലയുണ്ട്. അദാനിക്ക് എന്തിന് വേണ്ടിയാണ് ഇത് മറിച്ചു കൊടുക്കുന്നുയെന്നത് പ്രധാനമന്ത്രിയും ബി.ജെ.പിയും വ്യക്തമാക്കണം. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. അദാനിയുടെ പേ റോളില്‍ ഇടം പിടിക്കണ്ട ബാദ്ധ്യത ഒരു കോണ്‍ഗ്രസുകാരനുമില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഒന്നുമില്ലാത്തിടത്തു നിന്നും ഇന്ത്യയെ ഇന്നു കാണുന്ന ഒരു മഹാസൗധമാക്കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനഫലമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പൊതുമേഖല സ്ഥാപനങ്ങളും ഭരണഘടന നിര്‍മ്മിത സ്ഥാപനങ്ങളും ഓരോന്നായി തകര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അതേ പാതയിലാണ് കേരള മുഖ്യമന്ത്രിയും സഞ്ചരിക്കുന്നത്. സാമ്രാജ്യത്വ ശക്തികളും കോര്‍പ്പറേറ്റുകളുമായിട്ടാണ് കേരള സര്‍ക്കാരിനും ബന്ധം. രാജ്യതാത്പര്യം സ്വകാര്യ കുത്തക ഭീമന്‍മാര്‍ക്ക് മുന്നില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയറവു വെയ്ച്ചു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ട് പറക്കുകയാണ്. ഇത് കേരളത്തിന് അപമാനകരമാണ് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപെട്ടു.

ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ മുഖ്യമന്ത്രി സി.പി.എം സൈബര്‍ മാഫിയ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്വതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇരുട്ടില്‍ നിന്ന് ഇന്ത്യയെ വീണ്ടും വെളിച്ചത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസിനെ കഴിയൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അവകാശപ്പെട്ടു.