മദ്യം നല്‍കിയില്ല; ബാറിന് മുന്നില്‍ വാള്‍ വീശി ഭീഷണിമുഴക്കി ഗുണ്ടാ സംഘം

മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാറിന് മുമ്പില്‍ വാള്‍ വീശി ഭീഷണി മുഴക്കി ഗണ്ടാ സംഘം. തിരുവനന്തപുരത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്‌സംഭവം. മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്‍പിലാണ് വാള്‍ വീശി ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ബാറുകളുടെ പ്രവര്‍ത്തന സമയം കഴിഞ്ഞതിന് ശേഷം ഗുണ്ടാ സംഘം എത്തി മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ മദ്യം നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഗുണ്ടാ സംഘം ബാറിന് മുന്നില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

ബാറിന് അകത്തേക്ക് കയറാന്‍ ശ്രമിച്ച സംഘത്തെ സെക്യൂരിറ്റി തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെ ഗുണ്ടാ സംഘം അസഭ്യം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.

എകെജി സെന്റര്‍ ആക്രമണത്തിന് ശേഷം തിരുവനന്തപുരം നഗരത്തില്‍ രാത്രി സമയത്ത് പൊലീസ് പട്രോളിംഗും ചെക്കിംഗും സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകള്‍ റോഡില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.