ആർ.എസ്.പി, യു.ഡി.എഫില്‍ തുടരുന്നത് അണികൾക്കിടയിൽ ആശങ്ക; മുന്നണി മാറ്റ സൂചന നൽകി എൻ.കെ പ്രേമചന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആർ.എസ്.പി യു.ഡി.എഫ് വിടുമെന്ന സൂചന നൽകി പാർട്ടി അഖിലേന്ത്യ സെക്രട്ടേറിയറ്റ് അംഗവും, കൊല്ലം എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ.

യുഡിഎഫിൽ ആകെയുണ്ടായിരുന്ന കെട്ടുറപ്പിന്റേയും സംഘടനാ സംവിധാനത്തിന്റെയും ഭാഗമാണ് ഇപ്പോഴത്തെ തോൽവിയെന്ന് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

ആർഎസ്പി യുഡിഎഫിൽ തുടരുന്നത് അണികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും പാർലമെന്റിൽ പ്രാതിനിധ്യമുള്ളത് കൊണ്ട് സംസ്ഥാന പാർട്ടിയെന്ന നിലക്കുള്ള അംഗീകാരം നിലനിർത്താൻ കഴിയുമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

മുന്നണിമാറ്റം എന്ന ചർച്ച പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വന്നു . നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരിൽ പ്രാദേശിക തലത്തിൽ പ്രവർത്തകർക്ക് പോലും പരിഗണന ലഭിക്കാത്ത പ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംഘടനാപരമായ പുനരുജ്ജീവനത്തിലൂടെ മാത്രമെ കോൺഗ്രസിലെ യുഡിഎഫിന് തിരിച്ചുവരവിന് സാധിക്കുകയുള്ളൂവെന്നും അതിന് കെപിസിപി, പ്രതിപക്ഷ നേതൃസ്ഥാനത്തിൽ വന്ന മാറ്റം പ്രയോജനം ചെയ്യുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.