നിപ ഉറവിടം അവ്യക്തം; പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോട് എത്തും

കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച 12 കാരന് എവിടെ നിന്നാണ് രോഗം പകർന്നത് എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. രോഗം ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്. അതേസമയം പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. പാഴൂരിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പരിശോധന നടത്തും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കും. വവ്വാലുകളുടെ സ്രവ സാമ്പിൾ പരിശോധിക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.

ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മുന്നൂർ സ്വദേശിയായ എട്ടാം ക്ളാസുകാരൻ ഇന്നലെ പുലർച്ചെ 4. 45ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കുട്ടി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പാ ണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി. അതുകൊണ്ടു തന്നെ വൈറസിന്‍റെ തീവ്രതയും ഉറവിടവും കണ്ടെത്തേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളിലും നിർണായകമാവുകയാണ്.

Read more

കുട്ടിയുടെ ബന്ധുക്കളും രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 188 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. റൂട്ട്മാപ്പിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രത്യേകം നിരീക്ഷിക്കേണ്ടി വരും. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.