നിപ ഭീതി അകലുന്നു; പരിശോധിച്ച 68 പേരുടെ സാമ്പിളും നെ​ഗറ്റീവ്

കേരളത്തിൽ നിപ ഭീതി അകലുന്നു. ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം കൂടി നെ​ഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് നിപ രോഗം ബാധിച്ച് 12 കാരൻ മരണമുണ്ടായതിന് ശേഷം പരിശോധിച്ച 68 പേരുടെ സാമ്പിളുകളും നെഗറ്റീവാണെന്നും അവർ അറിയിച്ചു.

നിപ വ്യാപനം അറിയാന്‍ വേണ്ടി പ്രദേശത്ത് അസ്വാഭിവകമരണങ്ങളുണ്ടായോ എന്ന് പരിശോധിച്ചു. എന്നാല്‍ അസ്വാഭാവിക പനിയോ ശാരീരിക അവശകതകളോ മൂലം ആരും മരണപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്താനായതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം ചാത്തമംഗലം പഞ്ചായത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത പദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിപ രോഗ പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ. വി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘം പരിശോധിച്ചു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൂളിമാട്, പുല്‍പ്പറമ്പ്, നായര്‍കുഴി, ചിറ്റാരിപ്പിലാക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിയന്ത്രണങ്ങള്‍ വിലയിരുത്തി.

നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. ഡിസിപി സ്വപ്നില്‍ എം മഹാജന്‍, മെഡിക്കല്‍ കോളേജ് എസിപി സുദര്‍ശനന്‍, മാവൂര്‍ സിഐ കെ.വിനോദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.