ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ: പിന്നില്‍ സാമ്പത്തികബാദ്ധ്യതയോടൊപ്പം കുടുംബപ്രശ്‌നങ്ങളും, ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

നെയ്യാറ്റിന്‍കരയില്‍ ജപ്തിഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുടുംബപ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന രണ്ടുവരിക്കത്താണ് കണ്ടെത്തിയത്. മരണത്തിന് കാരണം ഭര്‍ത്താവും ബന്ധുക്കളുമാണെന്നാണ് കത്തില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രനേയും ബന്ധുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ജപ്തി നടപടികളെത്തിയിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്ന് കത്തില്‍ പറയുന്നു. തീകൊളുത്തി മരിച്ച മുറിയുടെ ചുമരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്. സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ എതിര്‍ത്തെന്ന് കത്തില്‍ പറയുന്നു.

ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരി എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

വായ്പയെടുത്ത കനറ ബാങ്കിനെതിരെ ആരോപണവുമായി ലേഖയുടെ ഭര്‍ത്താവ് നേരത്തെ രംഗത്തു വന്നിരുന്നു. തന്റെ മകള്‍ മരിച്ചതിനു ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും ഫോണ്‍ വിളിച്ചിരുന്നുവെന്നാണ് ചന്ദ്രന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര മരായിമുട്ടം മലയില്‍കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ വൈഷ്ണവിയും തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചു. ഭവന നിര്‍മ്മാണത്തിനായി 15 വര്‍ഷം മുമ്പാണ് കനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്ന് അഞ്ചുലക്ഷം രൂപ ഇവര്‍ വായ്പയെടുത്തത്.