അതുവരെ ആരും കാണാതിരുന്ന ആത്മഹത്യാക്കുറിപ്പ് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതെങ്ങിനെ?

ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇവര്‍ ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ പതിച്ച നിലയിലായിരുന്നു, മരിച്ച ലേഖയെഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

അതേ സമയം ഇന്നലെ സംഭവമുണ്ടായ ശേഷം ബന്ധുക്കളും അയല്‍ക്കാരും പൊലീസുമുള്‍പ്പെടെ നിരവധിപേര്‍ ഇവിടെ എത്തിയിരുന്നെങ്കിലും ആത്മഹത്യാക്കുറിപ്പ് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല എന്നത് ദുരൂഹതയുണര്‍ത്തുന്നു.

പോലീസിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. കൈയക്ഷര പരിശോധനയിലൂടെയേ കത്ത് ലേഖയെഴുതിയതാണോ എന്ന് പോലീസിന് ഉറപ്പിക്കാന്‍ കഴിയൂ. ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ചന്ദ്രനും അമ്മയും പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. മകള്‍ മരിച്ചതിനു ശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അല്‍പ്പം മുമ്പു വരെ ചന്ദ്രന്‍ പറഞ്ഞിരുന്നു.

തുടക്കം മുതല്‍ കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി ബാങ്കിനെതിരെ പറഞ്ഞിരുന്നതിനാല്‍ പൊലീസിനും മറ്റ് സംശയങ്ങള്‍ തോന്നിയിരുന്നില്ല. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൂടി ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ബന്ധുക്കളായ കൂടുതല്‍ പേരില്‍ നിന്ന് പൊലീസ് ഇന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തെളിവുകള്‍ ശേഖരിക്കാനായി ഫോറന്‍സിക് സംഘത്തിന്റെ കൂടി സഹായത്തോടെ ഇന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ ബാങ്കിനെതിരെ നടന്നുവന്ന പ്രതിഷേധ പരിപാടികള്‍ അല്‍പ്പം തണുത്തിട്ടുണ്ട്. “എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നാണ്” കത്തില്‍ പറയുന്നത്. ബാങ്ക് ലോണ്‍ കുടിശികയാകുകയും ജപ്തി നടപടി നേരിട്ടിട്ടും ചന്ദ്രന്‍ ഒന്നും ചെയ്തില്ല. ചന്ദ്രനില്‍ നിന്നും അയാളുടെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കാലങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനവും പീഡനങ്ങളും നേരിട്ടു വരികയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഇയാളുടെ മാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത , ഭര്‍ത്താവ് കാശിനാഥന്‍ എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.