നെയ്യാറ്റിൻകര സംഭവം: വസന്ത വിവാദ ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹത, അന്വേഷണത്തിന് ശിപാർശ

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പക്കലിനിടെ  ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദ ഭൂമി ഉടമയായ വസന്ത പോക്കുവരവ് ചെയ്തതില്‍ ദുരൂഹത. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിപാര്‍ശ ചെയ്തു. ഭൂമി കൈമാറ്റത്തില്‍ ചട്ടലംഘനമെന്ന് റവന്യു വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നൽകി. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടം ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത അവകാശപ്പെട്ടിരുന്നു. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയിലാണെന്ന് വസന്ത പറഞ്ഞിരുന്നു.

എന്നാൽ ഭൂമി സ്വന്തമാക്കിയതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ നിയമപരമായി പ്രശ്നങ്ങളുണ്ടെന്നും ഈ ഭൂമി ലക്ഷം വീട് പദ്ധതിയില്‍ പട്ടയമായി ലഭിച്ചതാണെന്നും അതിയന്നൂര്‍ വില്ലേജ് ഓഫീസുകളിലെ രേഖകളിലുണ്ട്.

ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പൊലീസിനെതിരേ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. രക്ഷിതാക്കൾ മരിക്കാനിടയായത് എസ്ഐയും അയൽവാസിയുമായ വസന്തയും കാരണമാണെന്ന് രാജൻ–അമ്പിളി ദമ്പതികളുടെ മക്കള്‍ രാഹുലും രഞ്ജിത്തും മൊഴി നൽകിയിരുന്നു.

Read more

അച്ഛൻ തലയിൽ പെട്രോൾ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ലെന്നും മറിച്ചു വന്നവരെ പിൻതിരിപ്പിക്കാൻ വേണ്ടിയാണെന്നും കേസിൽ ദൃക്സാക്ഷിയായ രാഹുൽ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു. പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കഴിഞ്ഞ 22ന് ആണു വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേൽക്കുന്നത്. 28ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചു.