ജപ്തി നോട്ടീസ് കിട്ടിയിട്ടും ഒന്നും ചെയ്തില്ല; വായ്പ തിരിച്ചടയ്ക്കാന്‍ വിഷു ബംബര്‍ പൂജയ്ക്ക് വെച്ചു; നെയ്യാറ്റിന്‍കരയിലെ ആത്മഹത്യകള്‍ക്കു പിന്നിലെ കാരണങ്ങള്‍ ഇങ്ങിനെ

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടര്‍ന്നാണ് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഭര്‍ത്താവ് ചന്ദ്രനെയും ബന്ധുക്കളായ മൂന്ന് പേരെയും പഴിച്ചായിരുന്നു കുറിപ്പ്. ഗാര്‍ഹികപീഡനം, അപവാദപ്രചാരണം, മന്ത്രവാദം എന്നിവയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട് കുറിപ്പ്.

തങ്ങളുടെ മരണത്തിനു കാരണക്കാര്‍ കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്.

”കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോള്‍ തടസ്സം നിന്നത് കൃഷ്ണമ്മയാണ്. ആല്‍ത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നു പറഞ്ഞ് മോനെ തെറ്റിക്കും. ഭര്‍ത്താവ് അറിയാതെ അഞ്ചു രൂപ നാട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കില്‍ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭര്‍ത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു വന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി”- കുറിപ്പില്‍ പറയുന്നു.

പണി പൂര്‍ത്തിയാകാത്ത വീടിന് പിന്നില്‍ തെക്കേത് എന്നും ആല്‍ത്തറയെന്നും അറിയപ്പെടുന്ന സ്ഥലത്താണ് പൂജയും മന്ത്രവാദവുമൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പൂജ നടന്ന ലക്ഷണങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ ലോട്ടറി ടിക്കറ്റുകള്‍ സമര്‍പ്പിച്ച ബുധനാഴ്ച നറുക്കെടുക്കാനിരുന്ന വിഷു ബംബറായിരുന്നു അത്.