കത്തോലിക്കാ സഭയുടെ കര്‍ഷക പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആരാച്ചാരാകും, ചുക്കാന്‍ പിടിക്കുന്നത് താമരശേരി, ചങ്ങനാശേരി മെത്രാന്മാര്‍, ബി.ജെ.പിയും, സി.പി.എമ്മും സമ്പൂര്‍ണമായി പിന്തുണക്കും, തരൂരിനെ കൂടെ നിര്‍ത്താനും നീക്കം

പുതിയ കര്‍ഷക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള സിറോ മലബാര്‍ സഭയുടെ നീക്കങ്ങള്‍ക്ക് ബി ജെ പിയുടെയും സി പി എമ്മിന്റെയും സമ്പൂര്‍ണ്ണ പിന്തുണ. കര്‍ഷക ക്ഷേമ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്നതാണ് ഉദ്ദേശമെന്ന് പറയുമ്പോഴും കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി തങ്ങളുടെ കൈ കൊണ്ടടിക്കാനാണ് കത്തോലിക്കാ സഭ ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ നേതൃത്വത്തോടുള്ള ശക്തമായ എതിര്‍പ്പാണ് സഭയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍. അത് കൊണ്ട് തന്നെ സി പി എമ്മും ബി ജെ പിയും നീക്കത്തെ സര്‍വ്വാത്മനാ പിന്തുണക്കുകയാണ്.

കാര്‍ഷിക വിഷയങ്ങളിലും ബഫര്‍സോണ്‍ അടക്കമുള്ള പ്രശ്‌നങ്ങളിലും സി പി എം സര്‍ക്കാരിന്റെ നിലപാടുകള്‍ സഭക്കെതിരാണ് എന്ന് പറയുമ്പോഴും ഇത്തരത്തില്‍ ഒരു പാര്‍ട്ടി രൂപീകരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെയും യുഡി എഫിന്റെയും അടിത്തറയെ ആണ് ഇളക്കുക. സി പി എമ്മിന് ഇത് കൊണ്ട് കാര്യമായ ഒരു നഷ്ടവും വരാനില്ല. ബി ജെ പിക്കകട്ടെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വോട്ടുകള്‍ തങ്ങള്‍ക്ക് ഇതിലൂടെ ചൂണ്ടിയിടക്കാമെന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദവും ഈ നീക്കത്തിലുണ്ട്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി ഫിന് ലഭിക്കുന്ന ലോക്‌സഭാ സീറ്റുകള്‍ പത്തിലേക്ക് ചുരുക്കിയാല്‍ കേരളത്തില്‍ യു ഡി എഫിന്റെ അടിത്തറയളികുമെന്നും അതോടെ മുസ്‌ളീം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്നുമാണ് സഭ കരുതുന്നത്. അങ്ങിനെ വന്നാല്‍ സഭക്ക് സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ ഉണ്ടാകില്ല. ഇത് മുന്‍ കൂട്ടി കണ്ടാണ് പുതിയ കര്‍ഷക പാര്‍ട്ടി എന്ന ആലോചനയിലേക്ക് സഭ നീങ്ങുന്നത്.

യു ഡി എഫ് നേതൃത്വത്തില്‍ ക്രൈസ്തവ പ്രാധിനിത്യം ഇല്ലാത്തത് കത്തോലിക്കാ സഭകള്‍ക്ക് പൊതുവെയും, സിറോ മലബാര്‍ സഭക്ക് പ്രത്യേകിച്ചും വലിയഅസംതൃപ്തിയാണുണ്ടാക്കിയിട്ടുള്ളത്. കെ എം മാണിയുടെ വിടവാങ്ങല്‍ കത്തോലിക്കാ സഭകളെ പ്രത്യേകിച്ചും ക്രൈസ്തവ സഭകളെ പൊതുവെയും അനാഥമാക്കിയെന്നാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഭകള്‍ സി പി എമ്മിന് പിന്തുണ നല്‍കിയെങ്കിലും അവരാകട്ടെ മുസ്‌ളീം – ഈഴവ കോമ്പിനേഷനിലൂടെ അധികാരം ഉറപ്പിച്ച് നിര്‍ത്താനുളള കഠിന പരിശ്രമത്തിലാണ്.

ജോസ് കെ മാണി ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ളയുമായി രഹസ്യ ചര്‍ച്ച നടത്തിയത്് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. ക്രൈസ്തവ വിഭാഗത്തെ ഉപയോഗിച്ച് ബി ജെ പി കളിക്കുന്ന കളി തങ്ങള്‍ക്ക് രാഷ്ട്രീയമായി വളരെ ഗുണം ചെയ്യുമെന്ന് വിശ്വാസത്തിലാണ് സി പി എം.

ശശി തരൂരിന് രൂപതകള്‍ തോറും സ്വീകരണം നല്‍കുന്നതിന്റെ പിന്നിലും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ തന്ത്രം തന്നെയാണുള്ളത്. സിറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും ശശി തരൂരിനെ മല്‍സരിച്ചു സ്വീകരിക്കുകയാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിന് പൂര്‍ണ്ണമായും എതിരാണ്. വി ഡി സതീശന്‍, കെ സുധാകരന്‍ എന്നിവരോട് സഭക്ക് പണ്ടേ താല്‍പര്യമില്ല. രമേശ് ചെന്നിത്തലയോടും അങ്ങിനെ തന്നെയാണ്. അവര്‍ക്ക് പകരം വയ്കാന്‍ പറ്റിയ ക്രൈസ്തവ നേതാക്കള്‍കോണ്‍ഗ്രസിലും യു ഡി എഫിലും ഇല്ല. മാത്രമല്ല എല്‍ ഡി എഫിലും യു ഡി എഫിലും ഒരു പോലെ മുസ്‌ളീം വിഭാഗങ്ങള്‍ സ്വാധീനം നേടുന്നുവെന്നതും സഭക്ക് വളരെ ആശങ്കയുളവാക്കുന്ന കാര്യമാണ്.

പാര്‍ട്ടിയുടെ രൂപീകരണത്തിനായി എറണാകുളത്തുളള പി ഒ സിയില്‍ പഴയ ഇന്‍ഫാമിന്റേതടക്കമുള്ള കര്‍ഷക സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. കേരളാ കോണ്‍ഗ്രസില പഴയ നേതാക്കളുടെ പിന്തുണയോടെ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ രൂപീകരിച്ചു കൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനുള്ള ചുമതല താമരശേരി ആര്‍ച്ച് ബിഷിപ്പ് ഡോ. ജോസഫ് പാംപ്‌ളാനിക്കും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുളള ചുതമല ചങ്ങനാശേരി സഹായ മെത്രാന്‍ തോമസ് തറയിലിനെയുമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നറിയുന്നു.