തമിഴ്നാട്ടിൽ കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. നടൻ വിജയിയുടെ സർക്കാരിനെ കോൺഗ്രസ് പിന്തുണച്ചതിന് പിന്നാലെയാണിത്. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും എന്നാൽ അടിസ്ഥാനപരമായ നന്ദിയോ മര്യാദയോ കാണിക്കാൻ അവർ തയ്യാറായില്ലെന്നും ഉദയനിധി പറഞ്ഞു.
‘കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ ജയിപ്പിക്കാൻ സാധിച്ചത് ഡിഎംകെ പ്രവർത്തകരുടെ ബലത്തിലാണ്. എംകെ സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനാണ് ജനം കോൺഗ്രസിന് വോട്ട് ചെയ്തത്. പക്ഷേ ഇന്നവർ ചില സ്ഥാനങ്ങൾക്ക് വേണ്ടി ഞങ്ങളെ അറിയിക്കാതെ മുന്നണി വിട്ടു. ഇനി ഒരിക്കലും കോൺഗ്രസിനെ വിശ്വസിക്കരുത്. ഞങ്ങളുടെ അടുത്തേക്ക് ഇനി അടുപ്പിക്കുകയില്ല. തമിഴ്നാട്ടിലെ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഇന്ത്യയിലുടനീളം ബിജെപി വളർന്നതിന് കാരണം കോൺഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയും അമിത് ഷായുമാണ് രാജ്യത്ത് ബിജെപിയുടെ വിജയത്തിന് കാരണമെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ കോൺഗ്രസാണ് അതിന് വഴിയൊരുക്കിയതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കോൺഗ്രസിനെ തോളിലേറ്റിയാണ് ജയത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.