'എന്തുതരം മനുഷ്യരാണ് നിങ്ങള്‍? ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണോ നിങ്ങളുടെ യുദ്ധം?'; ഫെയ്‌സ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എന്തുതരം മനുഷ്യരാണ് നിങ്ങള്‍?ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണാ നിങ്ങളുടെ യുദ്ധം? എന്ന് ഡോക്ടര്‍ ചോദിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്നും അത് അര്‍ഹര്‍ക്ക് കിട്ടില്ലെന്നുമുള്ള കുറിപ്പുകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നെല്‍സണ്‍ ജോസഫിന്റെ പ്രതികരണം ശ്രദ്ധേയമാകുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇങ്ങനെയെഴുതണോയെന്ന് ആലോചിക്കാതിരുന്നതല്ല…പക്ഷേ ഇതിപ്പോള്‍ എഴുതിയില്ലെങ്കില്‍ പിന്നെ എന്ന് എഴുതാനാണ്?

ദുരന്തബാധിതരെ സഹായിക്കരുതെന്നുള്ള സന്ദേശങ്ങള്‍ പാറിപ്പറക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്നും അത് അര്‍ഹര്‍ക്ക് കിട്ടില്ലെന്നുമുള്ള കുറിപ്പുകളും ഒഴുകുന്നുണ്ട്..

ഒന്ന് ചോദിച്ചോട്ടേ?
എന്തുതരം മനുഷ്യരാണ് നിങ്ങള്‍?

ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണോ നിങ്ങളുടെ യുദ്ധം?

ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും. ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ കുറിപ്പ് വായിച്ചതില്‍പ്പിന്നെയുള്ള നെഞ്ചിലെ ഭാരം എവിടെയിറക്കിവയ്ക്കുമെന്നറിയില്ല…

ഒരു നിമിഷം ആ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടല്‍ പറഞ്ഞറിയിക്കാനാവില്ല..

അവര്‍ക്കാണ്, എവിടെയോ ഇരുന്ന് കറന്റും വെള്ളവും മൃഷ്ടാന്ന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇന്റര്‍നെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവര്‍ക്ക് ഒന്നും നല്‍കരുതെന്ന് വിളിച്ചുപറയുന്നത്…

പറയൂ, എന്തുതരം മനുഷ്യരാണ് നിങ്ങള്‍?

അതിനിടെ ക്യാമ്പുകളിലേക്കുള്ള കളക്ഷന്‍ സെന്ററുകളില്‍ ആവശ്യത്തിനു സാധനങ്ങള്‍ എത്തുന്നില്ലെന്ന കുറിപ്പുകള്‍ ഒരു പതിനഞ്ചെണ്ണമെങ്കിലും മുന്നിലൂടെ കടന്നുപോയിട്ടുണ്ട്..അഭിനന്ദനങ്ങള്‍, നിങ്ങളുടെ ശ്രമം വിജയിക്കുന്നുണ്ട്…

സര്‍ക്കാരിനെ നിശിതമായിത്തന്നെ വിമര്‍ശിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള വരവു ചിലവ് കണക്കുകള്‍ അണ പൈ വ്യത്യാസമില്ലാതെ കഴിഞ്ഞ പ്രളയം തൊട്ടുള്ളത് പിന്തുടര്‍ന്നിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ ദുരന്തകാലത്ത് വന്ന പണത്തിന്റെയും ചിലവാക്കിയ പണത്തിന്റെയും കണക്കുകള്‍ ജില്ല തിരിച്ച് എത്ര വീടുകള്‍, എത്ര ആവശ്യമുണ്ടായിരുന്നു, എത്ര നല്‍കി എന്നത് ലഭ്യമാണ്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നത്. മറിച്ചുള്ള പ്രചാരണം നുണയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയാല്‍ അത് എത്തേണ്ടിടത്ത് എത്തില്ല എന്ന് പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹമാണ്.

10/08/2019 പന്ത്രണ്ട് മണിവരെയുള്ള കണക്കനുസരിച്ച് 14 ജില്ലകളിലായി 1111 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. അവയില്‍

34,386 കുടുംബങ്ങളുണ്ട്
ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തി നാനൂറ്റിയറുപത്തിനാല് മനുഷ്യരുണ്ട്
രണ്ടായിരത്തിയഞ്ഞൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്
ഇരുന്നൂറിനടുത്ത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

എടോ, രണ്ട് നേരം വയറുനിറച്ച് ഉണ്ണാനും ഉടുക്കാനും കിടന്നുറങ്ങാനുമുള്ളവര്‍ പോലും അവരെക്കാള്‍ ധനികരാണെടോ..അവര്‍ക്ക് ഏറ്റവും പെട്ടെന്ന് പതിവ് സര്‍ക്കാര്‍ നൂലാമാലകളില്ലാതെ പണം ലഭിക്കാന്‍ ഏറ്റവും വിശ്വസ്തമായ മാര്‍ഗം ഇപ്പൊഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിതന്നെയാണ്.

പ്രചരിക്കുന്ന സന്ദേശങ്ങളുടെ ആകെത്തുക ചുരുക്കിപ്പറഞ്ഞാല്‍ ” ഞാന്‍ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല ” എന്നാണ്..പിന്തുണയ്ക്കാന്‍ പതിനായിരങ്ങളുണ്ട് ഇപ്പൊത്തന്നെ..

” ഇത് ഞാന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ്..അദ്ധ്വാനിക്കുന്ന പണത്തിന് വിലയുണ്ട്…”

ഉണ്ട്..എല്ലാവരും സമ്പാദിക്കുന്ന പണത്തിനും വിലയുണ്ട്. എല്ലാവരും കോടീശ്വരന്മാരായിട്ടല്ല പണം നല്‍കിയത്. അത്താഴപ്പട്ടിണിക്കാരും സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ചവരുമെല്ലാമുണ്ട് അക്കൂട്ടത്തില്‍…മണലാരണ്യത്തില്‍ കിടക്കുന്നവര്‍ക്കും മല്‍സ്യത്തൊഴിലാളിക്കുമെല്ലാം വിയര്‍ത്തുതന്നെയാണ് പണം കിട്ടുന്നത്..

ദുരിതാശ്വാസനിധിയില്‍ എത്ര രൂപ ലഭിച്ചുവെന്നും എത്ര, എങ്ങനെയെല്ലാം ചിലവാക്കിയെന്നും അണ പൈ തിരിച്ച് കണക്ക് ചോദിക്കാം, ചോദിക്കുകയും ചെയ്യും. മുന്‍പ് ചോദിച്ചിട്ടുമുണ്ട്. ഇനിയും ചോദിക്കുകതന്നെ ചെയ്യും.

പക്ഷേ ഈയവസ്ഥയില്‍ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള നിര്‍ദേശങ്ങള്‍ വച്ച് സംശയം വളര്‍ത്തി ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിന്റെ മാര്‍ഗം

ഈ കുറിപ്പ് എത്രത്തോളം ആളുകളില്‍ എത്തുമെന്ന് എനിക്കറിയില്ല.പക്ഷേ എന്റെ വാളിലും അങ്ങനെ ചിന്തിക്കുന്നവരുണ്ടെന്ന് കണ്ടപ്പൊ എഴുതണമെന്ന് തോന്നി…

ഡോ.നെല്‍സണ്‍ ജോസഫ്