രണ്ട് പ്രൊഫൈലുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍; നസീമിന്റെ പ്രൊഫൈല്‍ പരിശോധിക്കുന്നതില്‍ പി.എസ്.സിയ്ക്ക് ഗുരുതര വീഴ്ച

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി നസീമിന്റെ പ്രൊഫൈല്‍ പരിശോധിക്കുന്നതില്‍ പി.എസ്.സിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. രണ്ട് പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് നസീം പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരേ കോഡിലുള്ള ചോദ്യ പേപ്പര്‍ കിട്ടിയതിലും ദുരൂഹതയുണ്ട്.

പിഎസ്എസിയുടെ ചട്ടങ്ങള്‍ പ്രകാരം ഒരാള്‍ തന്നെ രണ്ട് പ്രൊഫൈലുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടത്തുന്നത് ഡീബാര്‍ ചെയ്യേണ്ട തട്ടിപ്പാണ്. സമാന തട്ടിപ്പിന് വര്‍ഷാവര്‍ഷം ഡീബാര്‍ ചെയ്യുന്നവരുടെ പട്ടികയും പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നസീമിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധനയുണ്ടായില്ലെന്ന് മാത്രമല്ല യൂണിവേഴ്‌സിറ്റി കോളജ് അക്രമം വരെ പിഎസ്‌സി നസീമിനെ തൊട്ടിട്ടുമില്ല.

ഇരട്ട പ്രൊഫൈലുള്ളവര്‍ ആളുമാറി രണ്ടാം ഹാള്‍ ടിക്കറ്റില്‍ പരീക്ഷ എഴുതുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇരട്ട പ്രൈഫൈല്‍ കുറ്റമാക്കിയത്. നസീമിന്റെ കാര്യത്തില്‍ പിഎസ്‌സി അറിഞ്ഞിട്ടും കണ്ണടച്ചതാണോ, അതോ കബളിപ്പിക്കപ്പെട്ടതോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ഇതില്‍ നിന്ന് പിഎസ്‌സിക്ക് ഒഴിഞ്ഞുമാറാനാകില്ല.

റാങ്ക് ലിസ്റ്റില്‍ പെട്ട ശിവരഞ്ജിത്തിനും, പ്രണവിനും, നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ലഭിച്ചത് കോഡ് C ചോദ്യപേപ്പറുകളാണ്. ഈ ചോദ്യപേപ്പറിലെ ക്രമത്തിലുള്ള ഉത്തരങ്ങള്‍ പുറത്തു നിന്ന് മൊബൈല്‍ ഫോണില്‍ മൂവര്‍ക്കും എത്തിയതായാണ് പിഎസ്‌സി വിജിലന്‍സിന്റെ തന്നെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ മൂവര്‍ക്കും ഒരേ കോഡ് ലഭിച്ചതിന് പിന്നില്‍ എവിടെയാണ് ഒത്തുകളി നടന്നതെന്നും കൂടി ചോദ്യമുയരുമ്പോള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സംശയത്തിന്റെ മുനയിലാണ്.