മാവോവാദി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ദേശാഭിമാനിക്കും ജന്മഭൂമിക്കും ഒരേ സ്വരം, പൊലീസ് നടപടിയെ പ്രശംസിച്ച് ഇരുപത്രങ്ങളും

വയനാട്ടില്‍ മാവോവാദിയെന്ന് ആരോപിച്ച് ഒരാളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും ബിജെപി മുഖപത്രമായ ജന്മഭൂമിക്കും ഒരേ സ്വരം. ഇരുപത്രങ്ങളും തങ്ങളുടെ എഡിറ്റോറിയലിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് നടത്തിയ ആക്രമണത്തെ ഇരുപത്രങ്ങളും ന്യായീകരിക്കുന്നുണ്ട്.

ഇരുപത്രങ്ങളും മാവോവാദികളെ കൊള്ളയും കൊലപാതകവും നടത്തുന്ന കുത്സിത ശക്തികളായി വിശേഷിപ്പിക്കുന്നു. ബംഗാളില്‍ മാവോവാദിയെന്ന് ആരോപിച്ച കിഷന്‍ജിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്ന ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരെ സിപിഎം നിലപാട് സ്വീകരിച്ചിരുന്നു. മമതാ ബാനര്‍ജിക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. സമാന നിലപാട് ജന്മഭൂമിയും അന്ന് സ്വീകരിച്ചിരുന്നത്. ഇരുവരും ബംഗാള്‍ സര്‍ക്കാരിന്റെ വ്യാജ ഏറ്റുമുട്ടിലിനെ വിമര്‍ശിച്ചിരുന്നു.

പക്ഷേ ഇപ്പോള്‍ ദേശാഭിമാനിയും ജന്മഭൂമിയും മാവോവാദി വ്യാജ ഏറ്റമുട്ടലിനെ ന്യായീകരിക്കുകയാണ്. പൊലീസ് ഇത്തരം നടപടികളുമായി  മുന്നോട്ട് പോകണം. അത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ജനപ്രീതി വര്‍ധിപ്പിക്കുമെന്നാണ് ദേശാഭിമാനി പറയുന്നത്. ഇരുപത്രങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ് വയനാട്ടില്‍ നടന്നതെന്ന സംശയം പോലും പ്രകടിപ്പിക്കുന്നില്ല. പൊലീസ് നടപടിയെ കണ്ണുംപൂട്ടി ന്യായീകരിക്കുന്ന നിലപാടാണ് ഇരുപത്രങ്ങളും സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങളുടെ സമാധാന ജീവിതം നശിപ്പിക്കുന്നവരാണ് മാവോവാദികള്‍. അവര്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ദോഷകരമായി മാറുന്നതായി ദേശാഭിമാനി ആരോപിക്കുന്നു. ഇവരുടെ ഉദ്ദേശ്യം സിപിഎമ്മിനെ വേട്ടയാടുകയാണെന്നാണ് ദേശാഭിമാനി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ഇക്കാര്യത്തില്‍ ജന്മഭൂമി ചെറിയൊരു അഭിപ്രായ വ്യത്യാസമുണ്ട്. മോദിയെയും രാജ്യത്തെയും തകര്‍ക്കാനുള്ള വിദേശശക്തികളുടെ നീക്കമായിട്ടാണ് ഇതിനെ ജന്മഭൂമി കാണുന്നത്. സാമൂഹിക, രാഷ്ട്രീയ വിഷയമായിട്ട് മാവോവാദത്തെ ഇരുപത്രങ്ങളും കാണുന്നില്ല. മാവോവാദത്തെ പൊലീസ് നടപടിയിലൂടെ തുടച്ച് നീക്കണമെന്നാണ് ഇരുപത്രങ്ങളുടെ അഭിപ്രായം.