എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

എക്സൈസ്, തദ്ദേശമന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞ പദവിയിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം.

‘സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തതുകൊണ്ട് എ.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗം തിരഞ്ഞെടുത്തു’- സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പിലേക്ക് പുതിയ ആളെ കണ്ടെത്തുകയോ മറ്റൊരാള്‍ക്ക് ചുമതല നല്‍കുകയ ചെയ്യേണ്ടിവരും.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന്‍ സിപിഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ്‌വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. എണ്‍പതുകളില്‍ ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.