തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

കോഴിക്കോട്ട് ഭാര്യയെയും രണ്ട് കുഞ്ഞിനെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഫാത്തിമ ജുവൈരിയയെന്ന 24- കാരിയും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്‍റെ വീടിന് മുന്നില്‍ സമരത്തിലാണ്. സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം ജുവൈരിയക്ക് പിന്തുണ പ്രഖ്യാപിച്ചു.

നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് സമീര്‍ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ജീവനാംശം പോലും നല്‍കാതെ തന്നെയും അഞ്ചും രണ്ടും വയസ് പ്രായമുളള മക്കളയെും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെതിരെ സമീറിന്‍റെ വീടിന് മുന്നില്‍ സമരത്തിലാണ് ജുവൈരിയ. വിദേശത്തായിരുന്ന സമീര്‍ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജുവൈരിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പൊലീസ് സമീറിനെതിരെ 2019- ലെ മുസ്ലിം വിമന്‍ ആക്ട് അഥവാ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്.

നേരത്തെ ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്‍റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.

Read more

അതേസമയം, സമീര്‍ മതനിയമം അനുസരിച്ചാണ് ജുവൈരിയയെ മൊഴി ചൊല്ലിയതെന്നും മുത്തലാഖല്ല ചൊല്ലിയതെന്നും സമീറിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. ജുവൈരിയയ്ക്ക് കോടതി വിധിയനുസരിച്ച് 3500 രൂപ വീതം ജീവനാംശം നല്‍കുന്നുണ്ടെന്നും സമീറിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. മുത്തലാഖ് നിരോധന നിയമം നിലവില്‍ വന്നത് സമീപകാലത്താണെന്നിരിക്കെ ഒരു വര്‍ഷം മുമ്പ് നടത്തിയ വിവാഹമോചനത്തെ മുത്തലാഖ് നിരോധന നിയമത്തിന്‍റെ പരിധിയില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതിന്‍റെ നിയമസാധുത സമീറിന്‍റെ കുടുംബവും ചോദ്യം ചെയ്തു.