മുസ്ലിം ലീഗിന്റെ കൊടി പാകിസ്ഥാനില്‍ കൊണ്ട് കെട്ടാന്‍ പറഞ്ഞു; യു.ഡി.എഫ് പരിപാടിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന് ലീഗ് നേതാവ്

തിരുവനന്തപുരത്ത് യുഡിഎഫിന്റെ പരിപാടിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന പരാതിയുമായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍. ലീഗിന്റെ കൊടി പാക്കിസ്ഥാനില്‍ കൊണ്ടുപോയി കെട്ടിയാല്‍ മതിയെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന് എതിരെയാണ് പരാതി.

കഴക്കൂട്ടം കുളത്തൂരിലെ് യുഡിഎഫ് പരിപാടിക്കിടെയായിരുന്നു സംഭവം. വിഷയത്തില്‍ കെപിസിസിക്ക് പരാതി നല്‍കുമെന്നും വെമ്പായം നസീര്‍ പറഞ്ഞു. താനും മൂന്ന് പ്രവര്‍ത്തകരും കൂടി ലീഗ് കൊടി അവിടെ കെട്ടാന്‍ പോയപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സനല്‍ കുമാര്‍ എന്നിവര്‍ അവിടെയെത്തി. കൊടി കെട്ടാന്‍ തുടങ്ങിയപ്പോള്‍ ഓടിക്കോ, മുസ്ലീംലീഗിന്റെ കൊടിയൊന്നും ഇവിടെ കെട്ടരുത്, കൊണ്ട് പോടാ എന്ന് പറഞ്ഞെന്നും നസീര്‍ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. അതിനാല്‍ വിഷയത്തില്‍ കെപിസിസിക്ക് പരാതി നല്‍കുമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.