യു.ഡി.എഫ് ഏകോപന സമിതിയോഗത്തില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടു നില്‍ക്കും

ഇന്ന് നടക്കുന്ന യു.ഡി.എഫ് ഏകോപന സമിതിയോഗത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തിലാണ് യോഗത്തിൽ നിന്നും വിട്ടുനില്‍ക്കുന്നത്.യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അറിയിച്ചതയാണ് റിപ്പോർട്ട്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സാങ്കേതിക അര്‍ത്ഥത്തില്‍ മാത്രമാണ് തുടരുന്നതെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ തന്നെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നതിൽ മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ 11 മണിക്കാണ് യോഗം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുളള ആദ്യ യു.ഡി.എഫ് യോഗമാണ് ഇന്ന് ചേരുന്നത്.

യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചകളുണ്ടാകും. സഭാ സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടും യോഗത്തില്‍ ചർച്ചാവിഷയമാകും.

കഴിഞ്ഞ ദിവസമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചത്. എന്നാല്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വരെ തുടരാനാണ് നിര്‍ദേശം. കെ സുധാകരന്‍ എം.പിയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തി കാട്ടപ്പെടുന്നത്.