ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ദുരൂഹത; പിണക്കിയാൽ അപകടത്തില്‍ ആകുമോയെന്ന് പിണറായിക്ക് ഭയമെന്ന് മുല്ലപ്പള്ളി

സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പം വ്യക്തമായിട്ടും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രിയെ മുമ്പിൽ ഇരുത്തി നാലുവർഷം ശിവശങ്കർ ഭരണം നടത്തുകയായിരുന്നു. ഇയാളെ പിണക്കിയാൽ അപകടത്തിലാകുമോയെന്ന് മുഖ്യമന്ത്രി ഭയക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ശിവശങ്കറിനെതിരെ ആരോപണങ്ങൾ ഉയരുമ്പോഴും മുഖ്യമന്ത്രിയുടെ നിലാപട് വിചിത്രമാണ്. മുൻ സെക്രട്ടറിക്കെതിരായി ഉയരുന്ന വിവാദങ്ങളെല്ലാം വെറും പുകമറയെന്ന നിലയിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

കേരളം ഭരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വ്യക്തിക്കെതിരെ കേസെടുക്കാൻ പോലും ധൈര്യമില്ലാത്ത ആളാണെന്നത് സംസ്ഥാനത്തിന് വലിയ നാണക്കേടാണെന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.