സോഷ്യല്‍ മീഡിയയില്‍ ബല്‍റാം നിയന്ത്രണം പാലിക്കണം, കെ ആര്‍ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാള്‍; വിമര്‍ശനവുമായി മുല്ലപ്പള്ളി

വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ ബല്‍റാം തയാറാകണമെന്നും അദ്ദേഹത്തോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ന്യൂസ് 18 കേരളത്തിലെ വരികള്‍ക്കിടയില്‍ എന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കെ ആര്‍ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ലെന്നും അധിക്ഷേപസ്വരത്തില്‍ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.

കെ ആര്‍ മീര കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിച്ചയാളാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബല്‍റാമിന്റെ എകെജി വിരുദ്ധ പരാമര്‍ശം തനിക്ക് വേദനയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകള്‍ പോലും ആരോഗ്യപരമായ വിമര്‍ശനമല്ല നടത്തുന്നത്. സോഷ്യല്‍മീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.