മുല്ലപ്പെരിയാര്‍; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍, ഉത്തരവിറക്കി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ അനുവദിച്ച് സുപ്രീംകോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറി ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി.

ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണ സജ്ജമാകുന്നത് വരെ മേല്‍നോട്ട സമിതിക്കാകും ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പൂര്‍ണ അധികാരം. കേരള -തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ അംഗത്തെ വീതം മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തും. ഡാമുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സമിതിയാകും പരിഗണിക്കുക. നാട്ടുകാര്‍ക്കും സമിതിയില്‍ പരാതി നല്‍കാമെന്ന് കോടതി അറിയിച്ചു.

ഇപ്പോഴത്തെ മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങളും നിര്‍ദ്ദേശിക്കുന്ന ഓരോ വിദഗ്ധരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി പുനസഃഘടിപ്പിക്കണമെന്നാണ്് നിര്‍ദ്ദേശം.

Read more

അടുത്ത മാസം 11ന് മേല്‍നോട്ട സമിതി തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഡാമില്‍ പുതിയ സുരക്ഷാ പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.