മുല്ലപ്പെരിയാര്‍ കേസ്: നാല് വിഷയങ്ങളില്‍ ഇരുസംസ്ഥാനങ്ങളും യോജിച്ചു

മുല്ലപ്പെരിയാര്‍ കേസിലെ നാല് വിഷയങ്ങളില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ചു. റൂള്‍ കര്‍വ്, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍, മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ വാദം നടത്താന്‍ ധാരണയായി. കേസിലെ പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.

കേരളത്തിനും തമിഴ്‌നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങളാണ് കോടതിയെ അറിയിക്കുക.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കേന്ദ്ര പ്രതിനിധി, യോഗത്തില്‍ പങ്കെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരമാണ് കേസില്‍ അന്തിമവാദം നടക്കുക. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.

അതേസമയം, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ ആവശ്യപ്പെട്ടു. പരിശോധന നടത്താനുള്ള സമയമായെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മേല്‍നോട്ട സമിതി അണക്കെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എങ്കിലും പുതിയ പരിശോധന നടത്തണമെന്ന് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേന്ദ്രജല കമ്മീഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.