'പാവം എന്റെ വടക്കന്‍; രണ്ടാഴ്ച മുമ്പ് വരെ എന്നോട് അപ്പോയിന്റ്മെന്റ് ചോദിച്ചിരുന്നു ഞാന്‍ കൊടുത്തില്ല'

രണ്ടാഴ്ച്ച കൊണ്ട് ടോം വടക്കന് എന്തു മനപരിവര്‍ത്തനമാണ് ഉണ്ടായതെന്ന് തനിക്ക് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എ ഐസിസി വക്തവായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്. തൃശൂരില്‍ മത്സരിക്കാന്‍ തന്നോട് അദ്ദേഹം സീറ്റ് ചോദിച്ചിരുന്നു. ബൈബിളില്‍ പോലും ഇത്തരം ഒരു മനപരിവര്‍ത്തനം താന്‍ കണ്ടിട്ടില്ല. തന്റെ പെഴ്‌സണല്‍ സ്റ്റാഫിനെ സീറ്റിനായി വടക്കന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള നിലപാട് ഇത്ര പെട്ടെന്ന് എങ്ങിനെ മാറിയെന്ന് അറിയില്ല. തന്റെ സുഹൃത്താണ് വടക്കന്‍. പാവം എന്റെ വടക്കന്‍ അല്ലാതെ താന്‍ എന്താണ് പറയുകയെന്നും കെപിസിസി അധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ടോം വടക്കന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഇതിന് സാധിച്ചില്ല. മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കറുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഇത്തവണയും കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ബിജെപിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നീക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹം ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും കോണ്‍ഗ്രസിന് നേതാവ് ആരാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അധ്യക്ഷന്‍ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനുള്ള മറുപടി രാജ്യം മുഴുവന്‍ നല്‍കി കൊണ്ടിരിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം ടോം വടക്കന്‍ പറഞ്ഞത്.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നു കൂടി ആരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടത്.