മനു സി. പുളിക്കലിന് കമ്മ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത കുടുംബ പാരമ്പര്യം; വിവാദ പ്രസ്താവനയുമായി മുല്ലപ്പള്ളി

ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിന്റെ തറവാടിനെ ചൊല്ലിയുള്ള വിവാദം കത്തിച്ച് യു.ഡി.എഫ് പ്രചാരണം. അരൂരിലെ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ കമ്മ്യൂണിസ്റ്റുകളെ ഒറ്റുകൊടുത്ത കുടുംബപാരമ്പര്യമുള്ളയാളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പുന്നപ്ര വയലാര്‍ വെടിവെയ്പ്പിനു ശേഷം പട്ടാളത്തിന് വിരുന്ന നല്‍കിയത് മനുവിന്റെ കുടുംബമാണ്. മനുവിന്റെ സ്ഥാനാര്‍ത്ഥിത്വം കമ്മ്യൂണിസ്റ്റുകാരോടുള്ള വഞ്ചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആലപ്പുഴ ഡി.സി.സി മുന്‍ പ്രസിഡന്റ് സുഗതനും സമാനമായ ആരോപണം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ വയലാറില്‍ വെടിവെയ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് പുളിക്കല്‍ തറവാട്ടുകാര്‍ വിഭവസമൃദ്ധമായ അത്താഴ വിരുന്ന് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

സുഗന്റെ പ്രസ്താവനയ്‌ക്കെതിരെ മനു സി പുളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുടെ കുടുംബ പേര് ആയുധമാക്കി പ്രചാരണം നടത്തിയത്.