രാഹുല്‍ ഗാന്ധിയല്ല , സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും: മുഹമ്മദ് മുഹ്‌സിന്‍

ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന റി്‌പ്പോര്‍ട്ടുകള്‍ക്കിടെ വിമര്‍ശനവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് അദ്ധ്യക്ഷന് സ്വന്തം മണ്ഡലത്തില്‍ മത്സരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാതെ വന്നിരിക്കുന്നു.തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹിന്ദി ഹൃദയഭാഗത്തു നിന്ന് പരാജയം സമ്മതിച്ച രാഹുല്‍ ഗാന്ധി രക്ഷയില്ലാതെ കേരളത്തിലെത്തുമ്പോള്‍, മായാവതിയടക്കമുള്ള പ്രാദേശിക കക്ഷികളുടെ മുന്നേറ്റമായിരിക്കും നരേന്ദ്ര മോദിയെ താഴേയിറക്കുക എന്നതില്‍ സംശയമില്ല. രാഹുല്‍ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണെങ്കിലും കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. ആവേശത്തോടെ നമുക്കീ തെരഞ്ഞെടുപ്പിനെ നേരിടാം-മുഹ്‌സിന്‍ ഫെയ്സബുക്കില്‍ കുറിച്ചു.

അമേഠിയെ കൂടാതെ രാഹൂല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കും എന്നാണ് വിവരങ്ങള്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ അനുകൂല സൂചനകള്‍ ലഭിച്ചെന്ന് കേരളത്തിലെ നേതാക്കള്‍ അറിയിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചില്ല. അന്തിമ തീരുമാനം നാളെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേ വാല പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.