ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കൂടി കേള്‍ക്കണം; തടസ്സഹര്‍ജിയുമായി എം.ടി സുപ്രീം കോടതിയില്‍

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം.ടി വാസുദേവന്‍ നായര്‍ തടസ്സഹര്‍ജിയുമായി സുപ്രീം കോടതിയില്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുതെന്നാവശ്യപ്പെട്ടാണ് എം.ടിയുടെ തടസ്സ ഹര്‍ജി.

രണ്ടാമൂഴം സംബന്ധിച്ച തര്‍ക്കം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടണമെന്നന്ന ശ്രീകുമാര്‍ മോനോന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കൂറായി തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് എംടിയുടെ അഭിഭാഷകര്‍ അറിയിച്ചു.

രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും 2014 ലാണ് കരാറില്‍ ഒപ്പുവെക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ സമീപിച്ചത്.