'എംടിക്കെതിരായ വിമര്‍ശനത്തിന് പിന്നിലെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കല്‍'

എംടിക്കെതിരായി ഉയര്‍ന്ന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. തുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ചുപോന്ന നിലപാടുകളും നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനവും സംഘപരിവാര്‍ സംഘടനയെ എത്രമാത്രം പ്രകോപിപ്പിച്ചതാണെന്ന് കേരളം കണ്ടിരുന്നുവെന്ന് തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തോമസ് ഐസക്ക് എഴുതിയത് ഇങ്ങനെ.

വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുകള്‍ എക്കാലവും കൈക്കൊണ്ടുള്ള സാഹിത്യകാരനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എംടി. തുഞ്ചന്‍ പറമ്പിനെ മതനിരപേക്ഷതയുടെ പക്ഷത്തു നിര്‍ത്തിയ ഒറ്റക്കാരണം മതി എനിക്ക് എംടിയെ മനസിലാക്കാന്‍.

നോട്ടുനിരോധനത്തിനെതിരെ എന്റെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് എംടി തുറന്നു പറഞ്ഞ നിലപാടുകള്‍ സംഘപരിവാറിനെ എത്രമാത്രം പ്രകോപിപ്പിച്ചുവെന്ന് കേരളം കണ്ടതാണ്. ഒരു നിലപാടു സ്വീകരിച്ചതിന് അദ്ദേഹത്തോട് ഇത്ര കലിപ്പെന്തിന് എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. അതിനു കാരണം തുഞ്ചന്‍ പറമ്പില്‍ സ്വീകരിച്ച നിലപാടുകളാണ് എന്നുറപ്പാണ്. മറുവശത്തുള്ള സ്വത്വവാദികളുടെയും ലക്ഷ്യം വേറൊന്നല്ല. എല്ലാവരുടെയും ഉന്നം കേരളത്തിലെ മതനിരപേക്ഷതയുടെ അന്തരീക്ഷം തകര്‍ക്കുകയാണ്.

എംടിയെപ്പോലുള്ള ചില മഹാഗോപുരങ്ങളാണ് കേരളത്തില്‍ മതനിരപേക്ഷതയുടെ അസ്ഥിവാരമുറപ്പിക്കുന്നത്. എഴുതിയും വായിച്ചും നിലപാടുകള്‍ സുധീരമായി തുറന്നു പറഞ്ഞും നമ്മുടെ പൊതുസമൂഹത്തിന് നേര്‍വഴിയുടെ ചൂണ്ടുപലകയായി ജീവിതകാലത്തുടനീളം അവരുണ്ട്. അങ്ങനെയുള്ളവരെ ലേബലടിച്ച് ചില വിഭാഗങ്ങളുടെ മാത്രം വക്താക്കളായി ചിത്രീകരിക്കാന്‍ ആരു ശ്രമിച്ചാലും വിലപ്പോവില്ല. ആ പരിപ്പ് കേരളത്തില്‍ വേവില്ല.

https://www.facebook.com/thomasisaaq/photos/a.210357065647109.63587.209072452442237/1985950921421039/?type=3