പി.കെ ബിജുവൊക്കെ എത്ര ഉയരത്തിലെത്തിയാലും അതൊക്കെ കോപ്പിയടിച്ചതാണെന്ന് പറയുന്ന അനില്‍ അക്കരമാര്‍ക്ക് 'പഞ്ചപ്പറക്കള്ളിയുടെ കൊച്ചുമകള്‍ക്ക്' പറയാനുള്ളത്; വൈറല്‍ കുറിപ്പ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരിലെ ഇടതു സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി ഫെയ്സ്ബുക്ക് കുറിപ്പ്. മൃദുലാദേവി ശശിധരന്‍ എന്ന യുവതിയാണ് അനില്‍ അക്കരയുടെ ദളിത് വിരുദ്ധ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നത്.

പി.കെ ബിജു പഠിച്ചു നേടിയ പിഎച്ച്ഡി കോപ്പിയടിച്ചതാണെന്ന രീതിയിലായിരുന്നു അനില്‍ അക്കരയുടെ പ്രസ്താവന. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ കവിത കോപ്പിയടി വിവാദത്തിലൂടെ കുപ്രസിദ്ധയായ ദീപ നിശാന്ത് നടത്തിയ പരാമര്‍ശത്തിന്റെ ചുവടു പിടിച്ചാണ് അനില്‍ അക്കര ബിജുവിനെതിരെ കോപ്പിയടി ആരോപണമുന്നയിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

ദളിത് ന്യൂനപക്ഷങ്ങള്‍ എത്ര പഠിച്ച് മുന്നേറിയാലും അതൊക്കെ കോപ്പിയടി മാത്രമായാണ് അനില്‍ അക്കരമാര്‍ക്ക് തോന്നുകയെന്നാണ് മൃദുല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. തന്റെ അനുഭവങ്ങള്‍ കുറിച്ചാണ് ദളിത് സമൂഹത്തിനെതിരെ സമൂഹത്തിന്റെ പൊതുബോധം മൃദുല വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ അച്ഛന്‍ ഇലക്ട്രിസിറ്റിറ്റി ബോര്‍ഡില്‍ ഗസറ്റഡ് ഓഫീസര്‍ ആയിരിക്കെ മരണപ്പെട്ട ആളാണ്. അദ്ദേഹത്തിന്റെ സേവനം എന്റെ നാട്ടില്‍ ഉള്ളവര്‍ അഡ്മിഷന്‍ സമയങ്ങളിലൊക്കെ വാങ്ങിയിട്ടുമുണ്ട് അച്ഛന്റെ അച്ഛന്‍ അധ്യാപകന്‍ ആയിരുന്നു. എന്റെ അച്ഛന് ആറു വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. എന്റെ അച്ഛന്റെ അമ്മ പുല്ലും വട്ടയിലയും പെറുക്കി വിറ്റാണ് അച്ഛനടക്കം എല്ലാ മക്കളെയും വളര്‍ത്തിയതും, പഠിപ്പിച്ചതും.

ഞാന്‍ അത്യാവശ്യം ചില വര്‍ത്തമാനങ്ങള്‍ കൊണ്ടു സ്വന്തം നിലയ്ക്ക് ഒന്ന് അറിയപ്പെടാനുള്ള വകുപ്പൊക്കെ നാട്ടില്‍ ഉണ്ടാക്കിയിട്ടുണ്ട്..എന്നിട്ടും കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരാള്‍ ചാനലിലൊക്കെ കണ്ടിട്ടുണ്ടല്ലോ ഏതു വീട്ടിലെയാണ് എന്ന് ചോദിച്ചപ്പോള്‍ അടുത്തു നിന്ന ചേച്ചി അതീവ ജാഗ്രതയോടെ എന്നേക്കാള്‍ മുന്‍പേ ഉത്തരം കൊടുത്തു. “ഇതിനെ അറിയില്ലേ ഇതാ പഞ്ചപ്പറക്കള്ളിയുടെ കൊച്ചു മകള്‍ ആണ് “” എന്റെ അച്ഛന്‍ ഗസറ്റഡ് ഓഫീസര്‍ ആയാലും, അച്ഛന്റെ അച്ഛന്‍ അധ്യാപകന്‍ ആയാലും.

ഞാന്‍ എന്തൊക്കെ നേടിയെടുത്താലും പഞ്ചപ്പറക്കള്ളി യുടെ കൊച്ചുമോള്‍ എന്ന് തന്നെ എന്നെ അവതരിപ്പിക്കുമ്പോള്‍ സംതൃപ്തി കിട്ടുന്ന ഒരു സമൂഹം ഇവിടെ ഉണ്ട്. എന്റെ അച്ഛന്‍ ജോലി കിട്ടുന്നതിന് മുന്‍പ് തൂമ്പാപണിക്കും, ശവക്കുഴി വെട്ടാനും പോകുമായിരുന്നു. . കൂടെപ്പഠിച്ച കൂട്ടുകാരന്റെ അച്ഛന്റെ ശവക്കുഴി എന്റെ അച്ഛന്‍ വെട്ടിയിട്ടുണ്ട്. അതേ അച്ഛന് സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും നാട്ടുകാര്‍ക്ക് സംശയം ആയിരുന്നു. സഹികെട്ടു എന്റെ അച്ഛന്റെ അമ്മ പറഞ്ഞു . ഇലക്ട്രിസിറ്റി ബോര്‍ഡില്‍ വരുന്നവര്‍ അവിടെയൊക്കെ തൂറി വക്കും. അത് കോരാനാണ് എന്റെ മോന്‍ പോകുന്നതെന്നു. അതാണ് പഞ്ചപ്പറക്കള്ളി എന്ന ഫെമിനിസ്റ്റ്.

എന്റെ വല്യമ്മയുടെ ആരെയും കൂസാത്ത സ്വഭാവം കൊണ്ടു തന്നെ അവരുടെ കൊച്ചുമകള്‍ എന്ന് അറിയപ്പെടുന്നത് എനിക്ക് അഭിമാനമാണ്. പക്ഷെ എന്നെ പറക്കള്ളിയായി രേഖപ്പെടുത്തുന്നത് നീയൊക്കെ എത്ര തുള്ളിയാലും വെറും പറയി ആണ് എന്ന് ഓര്മിപ്പിക്കാനാണ്. പറഞ്ഞു വന്നതെന്താണ് വച്ചാല്‍ പി കെ ബിജുവൊക്കെ എത്രയൊക്കെ ഉയരങ്ങളില്‍ എത്തിയാലും അതൊക്കെ കോപ്പി അടിച്ചു നേടിയതായേ അനില്‍ അക്കരമാര്‍ക്കു തോന്നുകയുള്ളൂ.

നിങ്ങളിങ്ങനെ താഴ്ത്തിക്കെട്ടുമ്പോഴും ഞങ്ങളതിനെ വെറും മൈര് ആയി കണക്കാക്കുന്നു. ജയിച്ചു കഴിഞ്ഞാല്‍ രമ്യയോ, ബിജുവോ ഞങ്ങളെ തിരിഞ്ഞു നോക്കില്ലെന്നുറപ്പാണ്. എന്നാലും പറയുന്നു. ആലത്തൂരുള്ള രണ്ടു കൂടപ്പിറപ്പുകളും ജനവിധി തേടുന്നു. രണ്ടു പാര്‍ട്ടികളും ജനാധിപത്യപരമായി പ്രചരണം നടത്തുക. അത് അവര്‍ നേടിയെടുത്ത ബിരുദങ്ങളെയോ അവരുടെ കലയെയോ റദ് ചെയ്തു കൊണ്ട് ആവരുത്. അതിനുള്ള സാമാന്യ ബോധം കാണിക്കുക. ജയ് ഭിം.

(The facebook post is published as original and its not edited)

https://www.facebook.com/mruduladevi.sasidharan/posts/1305205836302460