പാലക്കാട് തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ സ്വാശ്രയ കോളജ് മേധാവി; ഗുരുതര ആരോപണവുമായി എം.ബി രാജേഷ്

പാലക്കാട് തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് സിപിഎം സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. ന്യൂനപക്ഷ ഏകീകരണം എന്നു പറഞ്ഞ് തോല്‍വി എഴുതിത്തള്ളാനാവില്ല. എനിക്ക് നേരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളജ് മേധാവിയുള്‍പ്പെട്ട സംഘമാണ്. ചെര്‍പ്പുളശ്ശേരി ഓഫീസിലെ പീഡന വിവാദം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മലമ്പുഴ നിയോജക മണ്ഡലത്തില്‍ മാത്രമാണ് വ്യക്തമായ ലീഡ് നേടാന്‍ എംബി രാജേഷിന് കഴിഞ്ഞത്. കൊങ്ങാട് വളരെ നിസാര വോട്ടുകള്‍ക്ക് മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞത്. ബാക്കി നിയമസഭ മണ്ഡലങ്ങളിലെല്ലാം വ്യക്തമായ മുന്‍തൂക്കം ശ്രീകണ്ഠന്‍ നേടി. മണ്ണാര്‍ക്കാട്, പാലക്കാട് മേഖലകളില്‍ വളരെ മുന്നിലെത്തുകയും ചെയ്തു. പി.കെ ശശി എം.എല്‍.എ അടക്കം രാജേഷിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.

ലീഗിന്റെ തട്ടകമായ മണ്ണര്‍ക്കാട് മണ്ഡലത്തില്‍ ലീഗിന് പോലും ലഭിക്കാത്ത ഭൂരിപക്ഷമാണ് വി.കെ ശ്രീകണ്ഠന് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 12653 വോട്ടിനാണ് എന്‍.ഷംസുദ്ദീന്‍ വിജയിച്ചത്. വി.കെ ശ്രീകണ്ഠന് 30000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്.