118-എ ജനാധിപത്യ കേരളത്തിന് നാണക്കേട്, നടപ്പാക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹം: കെ.പി.എ മജീദ്

സ്ത്രീസുരക്ഷക്കു വേണ്ടിയെന്നു പറഞ്ഞ് കൊണ്ടുവന്ന 118 എ വകുപ്പ് കൂട്ടിച്ചേർത്ത പൊലീസ് ആക്ട് ഭേദഗതി ഫലത്തിൽ ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ് എന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.എ മജീദിന്റെ പ്രസ്താവന:

Read more

അഭിപ്രായ സ്വാതന്ത്ര്യത്തെയും ആരോഗ്യകരമായ രാഷ്ട്രീയ വിമർശനങ്ങളെയും വിലമതിക്കുന്ന നാടാണ് നമ്മുടെ കേരളം. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് നമ്മൾ. എന്നാൽ സ്ത്രീസുരക്ഷക്കു വേണ്ടിയെന്നു പറഞ്ഞ് കൊണ്ടുവന്ന 118 എ വകുപ്പ് കൂട്ടിച്ചേർത്ത പൊലീസ് ആക്ട് ഭേദഗതി ഫലത്തിൽ ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്‌നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടക്കുന്ന സദുദ്ദേശ്യപരമായ വിമർശനങ്ങൾ പോലും ഇതുവഴി ഒരുപക്ഷേ കേസെടുക്കാനുള്ള വകുപ്പായി മാറും. ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നിയമം നടപ്പാക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാവണം. ജനാധിപത്യ കേരളത്തെ തിരിച്ചുപിടിക്കണം.