ഗതാഗത നിയമ ലംഘനം; ഓണം കഴിയുന്നതു വരെ പിഴ ഈടാക്കില്ല 

സർക്കാർ നിർദേശത്തെ തുടർന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ റോഡിലെ പരിശോധനയും പിഴ ഈടാക്കലും താത്കാലികമായി നിർത്തി. ഓണം കഴിയുന്നതു വരെ പിഴ ഈടാക്കരുതെന്ന കർശന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. എന്നാൽ, പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള സ്ക്വാഡുകളെ പിൻവലിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവരെ ബോധവത്കരിക്കാനാണ് നിർദേശം.

പിഴ ഈടാക്കുകയാണെങ്കിൽ ഉയർന്ന പിഴ മാത്രമേ വാങ്ങാനാകൂ. പുതിയ നിരക്കനുസരിച്ച് വിജ്ഞാപനം ഇറക്കിയ സ്ഥിതിക്ക് പഴയ തുക ഈടാക്കാനാകില്ല. തുടർന്നാണ് പരിശോധന നിർത്തി വെയ്ക്കാൻ വാക്കാൽ നിർദേശിച്ചത്. പിഴ ഉയർത്തിയതിനു ശേഷമുള്ള അഞ്ചു ദിവസങ്ങൾക്കുള്ളിൽ അരക്കോടി രൂപയ്ക്കു മേൽ പിഴ ഈടാക്കിയിരുന്നു.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഓണക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി തീരുമാനിച്ച പ്രത്യേക പരിശോധനയും ഇതോടെ നിലച്ചു. അന്തര്‍ സംസ്ഥാന ബസുകളുടെ അമിത നിരക്കും ക്രമക്കേടുകളും തടയുന്നതിനുള്ള നൈറ്റ് റൈഡേഴ്‌സ് പരിശോധനയും മിക്കയിടത്തും നിലച്ചു. ഇതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്കുയർത്താൻ തുടങ്ങിയിട്ടുണ്ട്.