മകള്‍ മരിച്ചതിനു ശേഷവും ബാങ്കില്‍ നിന്നു വിളിച്ചു, പണം എപ്പോള്‍ അടയ്ക്കുമെന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്; ഗുരുതര ആരോപണവുമായി വൈഷ്ണവിയുടെ പിതാവ്

ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത 19 കാരി വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍. തന്റെ മകള്‍ മരിച്ചതിനു ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും ഫോണ്‍ വിളിച്ചിരുന്നുവെന്നാണ് ചന്ദ്രന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണി വരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ച് പണം എപ്പോള്‍ തരുമെന്നു ചോദിച്ചിരുന്നുവെന്നും ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

വീട് ജപ്തി ചെയ്യുമെന്ന മനോവിഷമത്തിലാണ് വൈഷ്ണവിയും അമ്മ ലേഖയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും. ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്ന മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ എത്തിക്കും. സംഭവത്തില്‍ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് മാനേജര്‍ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചേയ്ക്കും.  മാനേജര്‍ അടക്കമുള്ള ബാങ്ക് അധികൃതരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.