കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നി‍ർവഹിക്കുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായെന്ന പരാതികൾ ഉയർന്നാൽ ഇനി കർക്കശ നിലപാട് സ്വീകരിക്കും. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റസമ്മതത്തോടെ ഓ‍ർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്വാറൻ്റെൈൻ ക‍ർശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ​ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയെ നിയന്ത്രിച്ച് നിർത്തുന്നതിന് ഏറ്റവും പ്രധാനം ക്വാറന്റൈനിൽ കഴിയേണ്ടവർ കൃത്യമായി കഴിയണമെന്നുള്ളതാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. ഒരു വിട്ടുവീഴ്ചയും ഇതിലുണ്ടാകരുത്‌.

ഉത്തരവാദികള്‍ ഓരോരുത്തരും അത് ഓർക്കുന്നത് നല്ലതാണ്. ഇനിയെങ്കിലും ഇതിനെ തടയാൻ ഒരേ മനസോടെ നീങ്ങാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ആയിരം കടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ക‍ർശന മുന്നറിയിപ്പ്.