ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത വകയിൽ ചെലവാക്കിയത് 22.21 കോടി;  എന്തിനൊക്കെ  ഉപയോഗിച്ചു എന്നുള്ള ചോദ്യങ്ങളോട് കൈ മലര്‍ത്തി കേരള പൊലീസ്

കേരള പൊലീസ് അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത വകയിൽ സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപ. എന്നാല്‍ ഇക്കാലയളവിൽ ഹെലികോപ്ടർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചുവെന്നുമുള്ള ചോദ്യങ്ങളോട് കൈ മലര്‍ത്തുകയാണ് കേരള പൊലീസ്.

കോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപ ചെലവായി. പാർക്കിംഗ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപ വേറെയും ചെലവിട്ടു.

വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ്  ഹെലിക്കോപ്റ്റര്‍ വാടകയിലെ കൊള്ള കണക്ക് പുറത്തായത്. എന്നാല്‍ ഹെലികോപ്റ്റര്‍ എന്തിനൊക്കെ ഉപയോഗിച്ചെന്ന ചോദ്യത്തിന്  പൊലീസ് ആസ്ഥാനത്ത് നിന്ന് വ്യക്തമായ മറുപടിയില്ല.

കോവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിൻറെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്.  ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്.

1.44 കോടി രൂപയും ജി.എസ്.ടിയുമായിരുന്നു മാസവാടക. അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്. കരാർ കാലാവധി അവസാനിക്കുമ്പോൾ ആകെ ചെലവായത് 22,21,51,000 രൂപ. ഹെലികോപ്ടർ വാങ്ങിയ ശേഷം എത്രതവണ ഉപയോഗിച്ചെന്നും, മാവോയിസ്റ്റ് വേട്ടയ്ക്കായി ഒരു വട്ടമെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നുമുളള ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.