കൂടുതൽ ഇളവുകൾ; WIPR 10ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ

സംസ്ഥാനത്ത് കോവിഡ് ആക്ടീവ് കേസുകൾ കുറയുന്നതോടെ നിയന്ത്രണത്തിലും ഇളവുകൾ വരുന്നു. പ്രതിവാര ഇൻഫക്ഷൻ റേഷ്യോ 10 ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു.

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കും. സർക്കാർ / സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന നടത്തുക.

അതേസമയം നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തു. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും നിർദ്ദേശം നൽകി.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.

സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും എല്ലാ വിദ്യാലയങ്ങളും സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കും. സ്‌കൂളുകളിലും മാസ്‌കുകൾ നിർബന്ധമായും കരുതേണ്ടതുണ്ട്.