മോഫിയക്ക് നീതിവേണം; പ്രതിഷേധിച്ച സഹപാഠികൾ കസ്റ്റഡിയിൽ

ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പി ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സഹപാഠികൾ കസ്റ്റഡിയിൽ. സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പി ഓഫീസിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അൽ അസർ ലോ കോളേജിലെ 17 വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ എആർ ക്യാമ്പിലേക്ക് മാറ്റി.

എസ്പിക്ക് പരാതി നൽകാനെത്തിയ പെൺകുട്ടികടങ്ങിയ സംഘം പരാതി നൽകാൻ അവസരം ലഭിക്കാതെ വന്നതോടെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. യാതൊരു വിധ മാർഗ തടസവും സൃഷ്ടിക്കാതെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പൊലീസിൻറെ സമീപനം വളരെ മോശമായിരുന്നെന്നും സമരം ചെയ്യാൻ നിങ്ങളാരാണെന്നും എൽ.എൽ.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.

സംഭവത്തിൽ ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മോഫിയയുടെ അമ്മ ഫാരിസ പറഞ്ഞു. അവർക്കൊപ്പം ഡിവൈഎഫ്‌ഐയുടെ ഒരു നേതാവ് ഉണ്ടായിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു. അതാരാണെന്ന് അവൾക്കറിയില്ലായിരുന്നു. മൊഫിയയെ അവർ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവർ നിരന്തരം പറഞ്ഞപ്പോൾ ഡോക്ടറുടെ അടുത്ത് പോയിരുന്നു.

Read more

ഭർത്താവിനാണ് കൗൺസിലിഗ് നൽകേണ്ടതെന്നാണ് ഡോക്ടർ പറഞ്ഞത്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. എല്ലാം നല്ല രീതിയിൽ വരുമെന്ന പ്രതീക്ഷയായിരുന്നു അവസാനം വരെ അവൾക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാൽ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. ഒരുപാട് സ്വപ്‌നങ്ങൾ ഉള്ളവളായിരുന്നു. അവളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്‌ കൊണ്ടും സസ്‌പെൻഡ് ചെയ്തതു കൊണ്ടും കാര്യമില്ല. ജോലിയിൽ നിന്ന് തന്നെ പിരിച്ചു വിടണം മോഫിയയുടെ അമ്മ പറഞ്ഞു.