മോഫിയയുടെ ആത്മഹത്യ; ആലുവ എസ്.പി ഓഫീസിലേയ്ക്ക് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

 

നിയമ വിദ്യാര്‍ഥിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധം ഇപ്പോള്‍ സമാധാനപരമാണ്. ഇനിയും പ്രകോപനം ഉണ്ടായാല്‍ ലാത്തിചാര്‍ജിലേയ്ക്ക് കടക്കും. ആലുവ നഗരത്തില്‍ വന്‍ പൊലീസ് സന്നാഹങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് ഇത്രയും പൊലീസുകാരെ വിന്യസിച്ചു കൊണ്ടുള്ള പ്രതിഷേധം ആലുവയില്‍ നടന്നിട്ടില്ല.

കുറ്റക്കാരനായ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ആലുവ വെസ്റ്റ് മുന്‍ സി.ഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ ഉപരോധ സമരം തുടരുകയാണ്. ഇന്നലെ പകല്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്, എം.പി ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങിയത്.

അതേസമയം സംഭവത്തില്‍ സി.ഐ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി ഭര്‍ത്താവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചപ്പോള്‍ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേസില്‍ പ്രതികളായ മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.