മോഫിയ പർവീനിന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആലുവയിൽ നിയമ വിദ്യാർത്ഥിനിയായ മോഫിയ പർവീനിന്റെ ആത്മഹത്യ കേസിലെ അന്വേഷണം എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

നിയമവിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കുന്നതിൽ സി.ഐ സുധീർ ഗുരുതര വീഴ്ച വരുത്തിയെന്ന് ഡിവൈഎസ്പിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം മരിച്ച മോഫിയയുടെ ഭർത്താവടക്കമുള്ള പ്രതികളെ റിമാൻഡ് ചെയ്തു. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്ന മൊഫിയ (21) തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടിൽ ആത്മഹത്യചെയ്തത്.

ഏഴ് മാസം മുൻപാണ് മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ വിവാഹം കഴിഞ്ഞത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വീട്ടുകാർ വിവാഹം നടത്തുകയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി മൊഫിയ പരാതി നൽകിയിരുന്നു. സ്ത്രീധനം വേണ്ടെന്നു പറഞ്ഞ് വിവാഹം നടത്തിയ ശേഷം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.