മോദി കുത്തകകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമേ നില കൊള്ളുകയുള്ളൂ: രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ്‌ കാലങ്ങളിൽ ഒഴികെ മറ്റെല്ലാ സമയത്തും കുത്തകകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമേ നില കൊള്ളുകയുള്ളൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മോദി സർക്കാർ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ എട്ടു തവണ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധനയുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

തിരഞ്ഞെടുപ്പ്‌ കാലങ്ങളിൽ ഒഴികെ മറ്റെല്ലാ സമയത്തും കുത്തകകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമേ നിലകൊള്ളുകയുള്ളൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മോദി സർക്കാർ. കോവിഡ് പ്രതിസന്ധിയിൽ രാജ്യവും ജനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. അതിനിടയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ എട്ടു തവണയാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധനയുണ്ടായിരിക്കുന്നത്. ബീഹാർ ഇലക്ഷൻ സമയത്ത് രണ്ടു മാസം എണ്ണ വില വർധന താത്കാലികമായി നിർത്തി വെച്ചിരുന്ന കമ്പനികൾ തിരഞ്ഞെടുപ്പ്‌ ഫലം വന്നതിനു ശേഷം മുൻകാല പ്രാബല്യത്തോടെയാണ് വില വർധിപ്പിക്കുന്നത്.

Read more

അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയാണ് കാരണം എന്ന വിശദീകരണം യുക്തിസഹമല്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയപ്പോളും മോദി സർക്കാർ ഇന്ത്യയിൽ ഇന്ധന വില നിരന്തരം വർധിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സ്വകാര്യ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാൻ വേണ്ടി മാത്രമായിരുന്നു ഇത്. ഇന്ധന വില വർധിക്കുന്നത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്നിരിക്കെ കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്വന്തം ജനങ്ങളോട് മോദി സർക്കാർ ചെയ്യുന്നത് ഇരട്ട നീതി നിഷേധമാണ്.