രാഹുലിന്റെ ഫോൺ ചോർത്തിയാൽ കോൺഗ്രസ് വൈകാരികമായി തന്നെ പ്രതികരിക്കും; പെഗാസസിന് മോദി സർക്കാർ ആയിരംകോടി ചെലവിട്ടെന്ന് കെ. സുധാകരൻ

മോദി സർക്കാർ ആയിരം കോടി രൂപ ചെലവഴിച്ചാണ് ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് വാങ്ങിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തിനെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്ത രാജ്ഭവൻ മാർച്ചിലാണ് കെ. സുധാകരന്റെ ആരോപണം.

കോവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങൾ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോർത്താൻ മോദി സർക്കാർ ഇത്രയും വലിയ തുക ചെലവഴിച്ചത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോണുകളാണ് പെ​ഗാസ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്തിയത്. രാഹുലിന്റെ ഫോൺ ചോർത്തിയാൽ കോൺഗ്രസ് വൈകാരികമായി തന്നെ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇതിന് ഉത്തരവാദിയെങ്കിൽ അദ്ദേഹത്തിനെതിരേ നടപടി വേണം. അമിത് ഷായെ തള്ളിപ്പറയാൻ പ്രധാനമന്ത്രി തയാറായില്ലെങ്കിൽ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്നു പറയേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.