'അയാള്‍ മുസ്ലിം ലീഗല്ലേ, അതിന്റെ വിവരക്കേടുണ്ട്'; പി.കെ ബഷീറിന്റെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി എം.എം മണി

മുസ്ലിം ലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി എം എം മണി. ബഷീര്‍ പറഞ്ഞത് വിവരക്കേടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയാള്‍ മുസ്ലിം ലീഗല്ലേ അതിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. നിയമസഭയില്‍ ബഷീര്‍ ഒരിക്കല്‍ തന്നോട് ഏറ്റുമുട്ടിയിരുന്നു. അന്ന് താന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്നും എം എം മണി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ ബഷീറിന് ഇപ്പോള്‍ ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ട്. അയാള്‍ ഇഷ്ടം പോലെ ചീത്തവിളികള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. താനിപ്പോള്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോള്‍ ചോദിയ്ക്കുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം എം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ’ എന്നായിരുന്നു പികെ ബഷീറിന്റെ വംശീയാധിക്ഷേപം. മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം കാരണം കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാള്‍ക്ക് പോലും നടക്കാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം കളിയാക്കി.

ഇപ്പോള്‍ ഓരോ ദിവസവും വെളിപ്പെടുത്തലുകള്‍ വര്‍ദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും കോവിഡിന്റെ എണ്ണം കൂടുകയാണെന്നും വിമര്‍ശിച്ചു. പണ്ട് സരിത വെളിപ്പെടുത്തിയതാണല്ലോ യുഡിഎഫിനും ഉമ്മന്‍ ചാണ്ടിക്കുമെതിരായി പോയതെന്നും പി കെ ബഷീര്‍ കൂട്ടിചേര്‍ത്തു. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു വിവാദ പ്രസംഗം. വിവാദ പരാമര്‍ശം നടത്തുന്ന സമയത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.