അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി വൈദ്യുതി മന്ത്രി: ‘യു.പി.എ സര്‍ക്കാരിന്റെ വക്കീലായിരുന്നു അമിക്കസ്‌ക്യൂറി; റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കളിച്ചു’

കേരളത്തെ മുക്കിയ മഹാപ്രളയത്തില്‍ സര്‍ക്കാരിനെ പഴി ചാരിയുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിനെതിരെ വൈദ്യുതി മന്ത്രി എം.എം മണി. യുപിഎ സര്‍ക്കാരിന്റെ വക്കീലായിരുന്ന അമിക്കസ്‌ക്യൂറി പ്രളയ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കളിച്ചുവെന്ന് മന്ത്രി ആരോപിച്ചു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മഹാപ്രളയത്തിന്റെ വ്യാപ്തി കൂട്ടിയത് കേരളത്തിലെ ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയാണെന്നും ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വൈദ്യുതി മന്ത്രി അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നത്.

അതേസമയം, പ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നു വിട്ടതാണെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനുള്ള നീക്കമാണ് റിപ്പോര്‍ട്ടിനു പിന്നിലെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം അമിക്കസ്‌ക്യൂറി തേടിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.