'തൈരും വെങ്കായവും ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ജനത്തെ ഒരുമിപ്പിക്കാന്‍ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നത്'

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം മണി വീണ്ടും രംഗത്ത്. ‘തൈരും വെങ്കായവും’ ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ജനത്തെ ഒരുമിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് അശോക് ഗഹലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് മണി പരിഹസിച്ചു.

‘ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും ) ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നത്’. എം.എം മണി കുറിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ രണ്ട് നേതാക്കളെ ഒരുമിപ്പിക്കാന്‍ കഴിയാത്ത രാഹുല്‍ഗാന്ധി ആണോ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിക്കാന്‍ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നതെന്നും മണി പരിഹസിച്ചു.

നേരത്തെയും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് എം.എം മണി രംഗത്ത് വന്നിരുന്നു. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് മണിയുടെ പരിഹാസം. ജോഡോ യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവെച്ചായിരുന്നു മണിയുടെ പരിഹാസം.

‘വെറുതെ തെറ്റിധരിക്കേണ്ട. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട ജി യ്ക്ക് ഏതോ LKG പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ. അല്ലാതെ BJP യെ പേടിച്ചിട്ടല്ല കേട്ടോ.’ ജോഡോ യാത്ര കടന്നു പോകുന്ന മാപ്പിനൊപ്പം മണി ഫെയ്സ്ബുക്കില്‍ കുറിച്ചു.