ചാരക്കേസിലെ കരുണാകരന്റെ രാജി: പുതിയ വെളിപ്പെടുത്തലുമായി എംഎം ഹസ്സന്‍

ചാരക്കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ രാജിവെച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. അന്ന് കരുണകാരനെക്കൊണ്ട് രാജി വെയ്പ്പിക്കരുതെന്ന് ഏ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ താനും ഉമ്മന്‍ചാണ്ടിയും അത് ചെവിക്കൊള്ളാതെ കരുണാകരനെതിരെ നിലപാട് എടുത്തെന്നും എംഎം ഹസന്‍ കോഴിക്കോട് കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പറഞ്ഞു.

അന്ന് കരുണാകരന് എതിരെ എടുത്ത നിലപാടില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയാല്‍ അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്ക് വഴിവെയ്ക്കുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഹസ്സന്‍ പറഞ്ഞു. ആത്മകഥ എഴുതുന്ന സമയത്ത് ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയിരുന്നത്. കരുണാകരന്‍ അനുസ്മരണം നടക്കുമ്പോള്‍ ഇക്കാര്യം പറയാതെ പോകാന്‍ സാധിക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ 1995ല്‍ രാജിവെച്ചിരുന്നു. അന്ന് കരുണാകരന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയതും ഏറ്റവും അധികം സമ്മര്‍ദ്ദം ചെലുത്തിയതും ഉമ്മന്‍ ചാണ്ടിയായിരുന്നു. അന്നത്തെ പ്രബലരായ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയും എംഎം ഹസ്സനുമുണ്ടായിരുന്നു. അന്ന് ആന്റണിയുടെ വാക്കുകള്‍ മുതിര്‍ന്ന നേതാക്കളായിരുന്ന ഇവര്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തിന് തന്നെ മാറ്റം വരുമായിരുന്നു.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റെടുത്തതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായ ആത്മവിശ്വാസം തിരിച്ചറിഞ്ഞ എം എം ഹസന്‍ ഒരു മുഴം മുമ്പെ എറിഞ്ഞതാണെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ക്ഷീണിതനാണ്. ഇത് തിരിച്ചറിഞ്ഞ്‌കൊണ്ടുള്ള നീക്കമായി ഹസന്റെ പ്രതികരണത്തെ വിലയിരുത്തുന്നവരുണ്ട്. അല്ലെങ്കില്‍ കരുണാകരന്റെ അനുസ്മരണം മുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് ചാണ്ടിയോടൊപ്പം കൂടി കരുണാകരനെ പുറത്താക്കാന്‍ കോപ്പുകൂട്ടിയ ഹസന്‍ ഒരിക്കല്‍ പോലും ഇത് പറഞ്ഞിട്ടില്ല. ഓര്‍മ്മകുറുപ്പ് എഴുതാന്‍ വച്ചിരുന്ന വന്‍ വെളിപ്പെടുത്തലിന്റെ നിലവിലെ സാംഗത്യം പാര്‍ട്ടിയില്‍ അധികാരകേന്ദ്രത്തിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയയി വ്യാഖ്യാനിക്കാം.